2014-ൽ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. വാരണാസിയിൽ ശൈത്യകാലത്തിന്റെ തുടക്കമായിരുന്നു. ഏതൊരു ഫോട്ടോഗ്രാഫറുടേയും സ്വപ്നലോകമെന്നു പറയപ്പെടുന്ന കാശിയുടെ തെരുവുകളിലൂടെയും, ഘാട്ടുകളിലൂടെയും ചിത്രങ്ങൾ തേടി അലഞ്ഞുതിരിയുന്നതിനിടയിലാണ് ബാബാ ശിവദാസിന്റെ മുന്നിൽ ഞാൻ എത്തിപ്പെടുന്നത്. ഒരുകൈയിൽ ചായ ഗ്ലാസ്സും മറുകൈയിൽ എരിയുന്ന സിഗററ്റുമായി ഉദയസൂര്യന്റെ ചൂടേറ്റിരിക്കുന്ന പാശ്ചാത്യ സന്യാസിയുടെ കാൻഡിഡ് ചിത്രങ്ങൾ ഒരു തൂണിന്റെ മറവിലിരുന്നുപകർത്താനുള്ള എന്റെ ശ്രമം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാവാമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. പെട്ടെന്നായിരുന്നു എന്നെ ഞെട്ടിച്ചുകൊണ്ട് ബാബ തല വെട്ടിത്തിരിച്ച് ചൂണ്ടുവിരൽ കൊണ്ട് ആംഗ്യം കാണിച്ചു തീഷ്ണമായ ഒരു നോട്ടത്തോടെ, എന്നോട് ഉറക്കെവിളിച്ചു പറഞ്ഞത്, “ഹേയ്, കം ഹിയർ!”.
മുൻപ് നാഗാസന്യാസിമാരിൽ നിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങൾ ഓർത്തപ്പോൾ അല്പം ഭയം തോന്നിയെങ്കിലും, ഞാൻ ധൈര്യം സംഭരിച്ച് അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് നടന്നടുത്തു. എന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി അദ്ദേഹം ഒരു മൃദുഭാഷിയും, സമാധാനപ്രിയനും ആയിരുന്നു. ഒളിഞ്ഞിരുന്നു ഫോട്ടോ എടുക്കുന്നത് ഒരു നല്ല പ്രവണതയല്ലെന്നും, ചോദിച്ചാൽ എത്ര ചിത്രങ്ങൾ വേണമെങ്കിലും എടുക്കുവാൻ അനുവാദം തരുമല്ലോ എന്നും ഉപദേശിച്ചു.
ഞാൻ അദ്ദേഹത്തോടു ക്ഷമാപണം നടത്തി സംസാരത്തിലേക്കുകടന്നു. അതിനിടയിൽ ബാബയുടെ കുറച്ചു ക്ലോസപ്പ് ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ക്യാമറയുടെ വ്യൂഫൈൻഡെറിലൂടെ ആ നീലക്കണ്ണുകൾ മുത്തുകൾ പോലെ തിളങ്ങി. ഗംഗാനദിയും ഉദിച്ചുയരുന്ന സൂര്യനും ആ കണ്ണുകൾക്കുള്ളിൽ പ്രതിഫലിച്ചു. ഗംഗ താങ്കളുടെ കണ്ണുകൾക്കുള്ളിലൂടെ ഒഴുകുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചു. ആ ചിരിയും ഞാൻ ക്യാമറയിൽ പകർത്തി. അതിനുശേഷം ഈ കണ്ടുമുട്ടൽ ഞാൻ മറന്നു പോയെങ്കിലും, ചിത്രങ്ങൾ ഹാർഡ് ഡിസ്കിന്റെ അടിത്തട്ടിൽ എവിടെയോ മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. കുറച്ചു നാൾ മുൻപ് ബാബ ശിവദാസിനെക്കുറിച്ചുള്ള ഒരു യുറ്റ്യൂബ് വീഡിയോ കാണാനിടയായപ്പോഴാണ് 10 വർഷങ്ങൾക്കു മുൻപെടുത്ത അദ്ദേഹത്തിന്റെ ചിത്രങ്ങൾ വീണ്ടും തിരഞ്ഞുകണ്ടൂപിടിക്കാൻ എനിക്ക് ആഗ്രഹം തോന്നിയത്.
1974-ൽ അലസ്സാൻഡ്രോ എന്ന 22-കാരനായ ഇറ്റാലിയൻ പൗരൻ ഇന്ത്യയിൽ വന്നിറങ്ങി. സംഗീതത്തോടുള്ള അഭിനിവേശമായിരുന്നു ആ ലീഡ് ഗിറ്റാറിസ്റ്റിനെ വാരണാസിയിൽ എത്തിച്ചത്. പക്ഷേ, അധികം വൈകാതെതന്നെ അദ്ദേഹം ആത്മീയതയുടെ മായിക ലോകത്തിൽ ആകൃഷ്ടനാവുകയും, തന്റെ വിധിയാണ് തന്നെ വാരണാസിയിൽ എത്തിച്ചതെന്ന് വിശ്വസിക്കുകയും ചെയ്തു. ബാബ ശിവദാസ് എന്ന പേരുസ്വീകരിച്ച് സന്യാസജീവിതം നയിക്കാൻ ആരംഭിച്ചു. ദിവസവും കാലത്ത് 4:30ന് ഏതു കാലാവസ്ഥയിലും ഗംഗയിൽ സ്നാനം ചെയ്ത്, ആരാധനയും കഴിച്ച് മുടങ്ങാതെ കാശി വിശ്വനാഥക്ഷേത്രത്തിൽ ദർശനവും നടത്തുന്ന ബാബാ ശിവദാസ് വാരണാസിയിലെ അറിയപ്പെടുന്ന വ്യക്തിത്വം ആയിരുന്നു.
നിർഭാഗ്യവശാൽ, 2020 മെയ് മാസത്തിൽ നെഞ്ചിലെ ഗുരുതരമായ അണുബാധയെ തുടർന്ന് 68-ആം വയസ്സിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അത് കോവിഡിന്റെ തുടക്കകാലമായിരുന്നുവെന്നത് ഒരു സംശയമായിത്തുടരുന്നു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ഗംഗയിൽ നിമജ്ജനം ചെയ്യുകയും, ഭാരതത്തിൽ ജീവിക്കാൻ ഇഷ്ടപ്പെട്ട ബാബ, നീണ്ട 46 വർഷങ്ങൾക്കു ശേഷം ഭാരതമണ്ണിൽ അലിഞ്ഞുചേരുകയും ചെയ്തു.